Friday, 5 August 2016

പ്രണയത്തിന് ഒരു നിറഭേദം കൂടി 'വൈറ്റ്'




                               പ്രണയം പലപ്പോഴും അങ്ങനെയാണ് വീണു കിടക്കുന്ന വിത്തുകളെ മുളപ്പിക്കുന്നതും ചെറു നാമ്പുകളായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും കാലത്തോട് അനുവാദം ചോദിച്ചായിരിക്കില്ല. പ്രേമപൂര്‍വ്വം ഒരു കൈ തൊടാനെടുക്കുന്ന സമയത്തിന് ജീവിത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയും. ആ കൈതൊടല്‍ സാധ്യമായാല്‍ പിന്നീട് ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പുകളിലും ആകസ്മികതയുടെ സാന്നിധ്യം അനുഭവിക്കാം. 
ആക്‌സ്മികതകളില്‍ ജീവിതത്തിന്റെ ഉള്ളടക്കം കണ്ടെത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടേയും സ്വന്തം തീരുമാനങ്ങളിലൂടെ പഴയപ്രണയത്തെ ഒരിക്കല്‍ കൂടി തൊട്ടറിയാന്‍ ശ്രമിക്കുന്ന മധ്യവയസ്‌കന്റേയും കഥയാണ് വൈറ്റ്. പാതിമുറിഞ്ഞു പോയ മനസുമായി പ്രണയിനിക്കടുത്തെത്താനുള്ള യാത്രയിലാണ് പ്രകാശ് റോയി. പഴയജീവിതാനുഭവങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹവുമായി ചില നിമിഷങ്ങളില്‍ ഒന്നുകൂടെ പോയിവരാനുള്ള പ്രകാശിന്റെ മോഹം അയാളുടെ ജീവിതത്തെ റോഷ്‌നി എന്ന പെണ്‍കുട്ടിയോട് ചേര്‍ത്തു വയ്ക്കുന്നു.


ആത്മപങ്കാളി-സോള്‍മേറ്റ് ആ വാക്കിന് മലയാളിയുടെ ജീവിതത്തോളം തന്നെ വ്യാപ്തിയുണ്ട്. തന്റെ നല്ലപാതിയുടെ നഷ്ടം ഒരു ജീവിതകാലം മുഴുവന്‍ നീണ്ട വേദനയോടെ അനുഭവിച്ച് തീര്‍ക്കുന്ന ഒരുപാട് പേരെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരേ ജന്മത്തില്‍ ഒന്നിലധികം ആത്മപങ്കാളികളെ കണ്ടെത്തിയാല്‍ എന്ത് സംഭവിക്കും? നിരന്തരമായ വേദനയും ദുരിതവുമായിരിക്കും ഫലമെന്ന് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ എഴുതിവച്ചിട്ടുമുണ്ട്. എന്നാല്‍ ജീവിതം അത്ഭുതങ്ങളുടേതു കൂടിയാണല്ലോ.. വിചാരിക്കാത്ത നിമിഷത്തില്‍ തോന്നിയ ഭ്രാന്തമായ ഒരു ചിന്ത സ്വയം നഷ്ടപ്പെടലില്‍ നിന്നും കാലം തനിക്കായ് കാത്തു വച്ച മറ്റൊരു ആത്മപങ്കാളിയുടെ നിരന്തര സ്‌നേഹത്തിലേക്കുള്ള യാത്രയായിമാറുകയാണ് വൈറ്റില്‍.

ശരിയായി വായിക്കുമ്പോള്‍ ഉദയ് അനന്തന്‍ ചിത്രമായ വൈറ്റ് ഒരു പ്രണയ കവിതയാണ്. മനുഷ്യന്റെ തോന്നലുകള്‍ തന്നെയാണ് അവന്റെ ജീവിതം. സാഹസിക ഇഷ്ടപ്പെട്ടിരുന്ന ഭാര്യയില്‍ നിന്നും സ്വപ്നങ്ങളില്‍ വിശ്വസിച്ച് ജീവിതത്തില്‍ അത്ഭുതങ്ങള്‍ തിരയുന്ന പെണ്‍കുട്ടിയിലേക്കുള്ള നായകന്റെ എത്തിപ്പെടല്‍. റോഷ്‌നിയോടൊത്ത് പ്രകാശ് സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നതിനുള്ള കാരണം അവളിലുള്ള തന്റെ ഭാര്യ എലീനയുടെ രൂപ സാദൃശ്യമാണ്. പക്ഷെ റോഷ്‌നി ഓരോ നോക്കിലും വാക്കിലും തിരിച്ചറിയുന്നുണ്ട് പ്രകാശിന് തന്നോടുള്ള കരുതലും സ്‌നേഹവും. ചിലനിമിഷങ്ങളിലെ വിപരീത പെരുമാറ്റങ്ങളില്‍ അവള്‍ അധൈര്യയാവുന്നുമുണ്ട്.
പ്രകാശ് റോയിയായി മമ്മൂട്ടിയും റോഷ്‌നി യായി ഹുമ ഖുറേഷിയും കാഴ്ചവച്ചിരിക്കുന്നത് മികച്ച പ്രകടനങ്ങള്‍ തന്നെയാണ്. മലയാളമറിയില്ലെന്ന പരിമിതി മറികടന്ന് ഹുമ യും അനായാസമായ അഭിനയ മികവില്‍ മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി നിറഞ്ഞു നില്‍ക്കുന്നു
സമ്പത്തിനപ്പുറത്ത് സ്‌നേഹത്തിന്റെ മൂല്യം തിരിച്ചറിയപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട് സിനിമയില്‍. ഒരമ്മയ്ക്ക മക്കളോടുള്ള സ്‌നേഹം. പകരം ലഭിക്കു്‌നനത് മക്കള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണെന്ന് വന്നാല്‍ പോലും അമ്മയ്ക്ക് മക്കളെ നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുപോലെ 
സ്‌നേഹത്തില്‍ സംശയങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സിനിമ പറഞ്ഞു പോകുന്നു. ഒരു വേളയില്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് അപകടകരമായ ഒരു ആവര്‍ത്തനത്തിലേക്ക് പ്രകാശ് നീങ്ങുമോ എന്ന ചിന്ത റോഷ്ണിയെ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകന്‍ അന്‍വറിന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു കാഴ്ച, കുറച്ച് വാക്കുകള്‍ അവളെ തന്റെ സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ അവളെ പ്രാപ്തയാക്കുന്നു. അന്‍വര്‍ എന്ന കഥാപാത്രമായി സിനിമയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്ന വാക്കുകള്‍
'ഓരോ ദിവസവും റിസ്‌ക് എടുത്ത് ജീവിക്കുന്നവരല്ലേ നമ്മള്‍ അതൊരു വ്യക്തിക്ക് വേണ്ടിയാകുമ്പോള്‍ അതിനെ പ്രണയം എന്നു വിളിക്കുന്നു'. റോഷ്‌നിയും അത് തിരിച്ചറിയുകയാണ്. ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാതെ അവളാ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോള്‍ നമുക്കതുറപ്പിക്കാം. പിന്നെയും ആകസ്മികതയുടെ, കാലത്തിന്റെ കൈകള്‍ക്ക്  ഒരിക്കല്‍ കൂടി തീരുമാനമെടുക്കാനുള്ള സമയമനുവദിച്ച് കഥ അവരിലൂടെ തന്നെ മുന്നോട്ട് പോകുന്നു. ആക്‌സ്മിതകളൊരുക്കുന്നത് നമ്മള്‍ പോലുമറിയാത്ത മനസിന്റെ നിരന്തരമായ ആഗ്രഹങ്ങളാണെന്ന തോന്നലുകളും സിനിമ പങ്കുവയ്ക്കുന്നു. 

ലണ്ടന്‍ നഗരത്തിന്റെ ഭംഗിയും നിര്‍മ്മാണ മികവും നിറഞ്ഞു നില്‍ക്കുകയാണ് സിനിമയിലെ പിന്‍കാഴ്ചകള്‍. പ്രാചീന നഗരങ്ങളും വലിയ കെട്ടിടങ്ങളും വിഷ്വലുകളെ സമ്പന്നമാക്കിയിട്ടുണ്ട്.
പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വില്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയും മികച്ചതാണ്. ആദ്യപകുതിയില്‍ പൊടിക്ക് സസ്‌പെന്‍സും വളഞ്ഞുള്ള സംഭാഷണങ്ങളുമാണെങ്കില്‍ രണ്ടാം പകുതി കെട്ടിയുയര്‍ത്തിയിരിക്കുന്നത് മനോഹരമായ വാക്കുകളിലാണ്. അവസാന നിമിഷങ്ങളിലൊന്നില്‍ പ്രകാശ് റോയി പറഞ്ഞു പോകുന്നുണ്ട് അല്ലെങ്കിലും നമ്മെ പിടിച്ച് നിര്‍ത്തുന്നത് വ്യക്തികളല്ലല്ലോ അവരുടെ വാക്കുകളല്ലേ യെന്ന്. വാക്കുകള്‍ വാചാലമാകണമെങ്കില്‍ കേള്‍ക്കണം. അവ ജീവിതമാകണമെങ്കില്‍ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയില്‍ നിന്ന് തന്നെ കേള്‍ക്കണം. വൈറ്റിന്റെ അണ്യറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ആ കേള്‍വിയുടെ സുഖം വൈറ്റ് പകരുന്നുണ്ട്. 

        






                                                                                                                                                                                                  ആമി രാംദാസ്

Wednesday, 21 January 2015

പച്ച

ഞാന്‍ എന്‍റെ കുഞ്ഞുങ്ങളെ
വില്‍ക്കാന്‍ വെച്ചു
ലഭാമുണ്ടാകണം
നല്ല വിലകിട്ടണം
വ്യത്യസ്ത സാഹചര്യങ്ങളില്‍
അനങ്ങാതെ കിടന്ന
കാലത്തിന്‍റെ മുനത്തുമ്പിലേക്ക്‌
പിറന്നു വീണ അവയ്ക്കെല്ലാം
പല മുഖങ്ങളായിരുന്നെങ്കിലും
കമ്പോള നിലവാരമനുസരിച്ച് 
ഞാന്‍ 
ഒരേ ചട്ടകൂട് പണിതു 
പച്ച